മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച വിവരപത്രികയും അതിന് അനുകൂലമായി അഡ്വക്കേറ്റ് ജനറല്‍ നല്‍കിയ വാദമുഖങ്ങളും കേരളത്തിന്റെ കേസിനെ പൂര്‍ണമായും ദുര്‍ബലപ്പെടുത്തുന്നു. ജലനിരപ്പും ഡാമിന്റെ സുരക്ഷയും തമ്മില്‍ ബന്ധമില്ലെന്നും മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ ഇടുക്കി അണക്കെട്ട് വെള്ളം തടഞ്ഞുനിര്‍ത്തി സംരക്ഷിച്ചുകൊള്ളുമെന്നും വെള്ളം ഒഴുകിയെത്താന്‍ ഏഴു മണിക്കൂര്‍ വേണ്ടിവരുമെന്നുമുള്ള എ.ജിയുടെ പരാമര്‍ശം കേരളത്തിന്റെ കേസിലെ ദുര്‍ബലപ്പെടുത്തുന്നതും തമിഴ്‌നാടിന്റെ കേസ് ശക്‌തിപ്പെടുത്തുന്നതുമാണ്. ജലനിരപ്പ് ഉയര്‍ത്തണമെന്നാവശ്യപ്പെട്ടു സുബ്രഹ്‌മണ്യം സ്വാമി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ തമിഴ്‌നാട് ഉന്നയിച്ച വാദമുഖങ്ങള്‍തന്നെയാണു മേല്‍പ്പറഞ്ഞവയും. ഈ വാദമുഖങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് 2006 ഫെബ്രുവരി 27 ന് കേരളത്തിനെതിരായ വിധി സുപ്രീംകോടതിയില്‍നിന്നുണ്ടായത്.
അന്നത്തെ വിധി അനുസരിച്ച് മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമാണെന്നും ജലനിരപ്പ് 136-ല്‍നിന്ന് 146 അടിയാക്കി ഉയര്‍ത്താമെന്നും അതോടൊപ്പം ബേബി ഡാം ശക്‌തിപ്പെടുത്തിയാല്‍ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്താമെന്നും കോടതി പറഞ്ഞു.
സുപ്രീംകോടതിയുടെ വിധിന്യായത്തില്‍ എ.ജി. ഉന്നയിച്ച വാദമുഖങ്ങള്‍ തമിഴ്‌നാടിന് അനുകൂലമായ വിധിയായി പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. തുടര്‍ന്ന് ജലനിരപ്പ് 136 അടിയാക്കി നിജപ്പെടുത്തി കേരള നിയമസഭ പാസാക്കിയ നിയമം അസാധുവാക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ അന്യായത്തിന്‍മേല്‍ നടന്ന വിചാരണയിലാണു കേരളം മേല്‍പ്പറഞ്ഞ വാദഗതികളെ ശക്‌തമായി ഖണ്ഡിച്ചത്.
അണക്കെട്ടു തകര്‍ന്നാല്‍ ഇടുക്കിക്കു താങ്ങാന്‍ കഴിയില്ലെന്നും മുല്ലപ്പെരിയാറിനും ഇടുക്കിക്കുമിടയില്‍ 36 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ വസിക്കുന്ന 75,000-ല്‍പ്പരം ജനങ്ങള്‍ സുരക്ഷിതരല്ലെന്നുമുള്ള കാര്യങ്ങള്‍ രേഖകളും വസ്‌തുതകളും നിരത്തി കോടതിയെ ബോധ്യപ്പെടുത്താന്‍ കേരളത്തിനു കഴിഞ്ഞു.
കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ മുല്ലപ്പെരിയാറിന്റെയും ഇടുക്കിയുടെയും റിസര്‍വോയറില്‍ ഒരോ സമയം പൂര്‍ണ ജലനിരപ്പ് നൂറുപ്രാവശ്യം ഉണ്ടായതിന്റെ വസ്‌തുതാപരമായ രേഖകളും കേരളം ഹാജരാക്കി. ഈ കാര്യങ്ങളും രേഖകളും തെളിവുകളുടെ അടിസ്‌ഥാനത്തില്‍ ബോധ്യപ്പെട്ടപ്പോഴാണ് അണക്കെട്ട് സുരക്ഷിതമാണെന്നു പ്രഖ്യാപിച്ച അതേ കോടതി ഡാമിന്റെ സുരക്ഷ വീണ്ടും പരിശോധിക്കാനും പുതിയ ഡാമിന്റെ സാധ്യതയേക്കുറിച്ച് ആരായാനും ഉന്നതാധികാര സമിതിയെ നിയോഗിച്ചത്.
വസ്‌തുത ഇതായിരിക്കെ എ.ജി. കോടതിയില്‍ നടത്തിയ വാദമുഖങ്ങള്‍ ആരെ സഹായിക്കാനാണ്? ഇത്തവണ കേസിന്റെ വിചാരണാവേളകളില്‍ എന്തുകൊണ്ട് ഈ വസ്‌തുതകളും രേഖകളും കോടതി മുമ്പാകെ ബോധിപ്പിച്ചില്ല എന്ന ചോദ്യം നിരവധി തവണ ഉണ്ടായിരുന്നു. അന്നു സംഭവിച്ചുപോയ വീഴ്‌ച സമ്മര്‍ദമായ ഇടപെടലിലൂടെ പരിഹരിച്ചു കൊണ്ടുവരുന്നതിന്റെ ഇടയിലാണു ദോഷകരമായ പരാമര്‍ശങ്ങള്‍ എ.ജി. ഉന്നയിക്കുന്നത്. ഒരിക്കല്‍ അനുകൂലമായതു വീണ്ടും പ്രതികൂലമാക്കുന്ന നടപടിയാണിത്.
സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ കേരളത്തിന് അനുകൂലമായ നിലപാടുകളെ നിഷ്‌പ്രഭമാക്കുന്ന നിലപാടാണ് എ.ജി. സ്‌ഥിരീകരിച്ചത്. അതും തുടര്‍ഭൂചലനങ്ങളേത്തുടര്‍ന്നു ദശലക്ഷക്കണക്കിനു ജനങ്ങള്‍ ജീവഭയത്തിന്റെ പേരില്‍ ഉല്‍കണ്‌ഠയുടെ മുള്‍മുനയില്‍ നില്‍ക്കുന്ന അവസരത്തില്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭായോഗത്തിന് എ.ജിയില്‍ കുറ്റം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
എങ്കിലും കേരളത്തിന്റെ പൊതുസമൂഹത്തിനു ബോധ്യപ്പെടാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. എ.ജിയുടെ നടപടികള്‍ മന്ത്രിസഭ ന്യായീകരിച്ചതിലൂടെ ഇതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ്.
സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച വിവരപത്രിക കേരളത്തിന്റെ കേസ് ദുര്‍ബലപ്പെടുത്താന്‍ മാത്രമേ ഉപകരിക്കൂ. കേരളം അനാവശ്യമായ ആശങ്ക ഉണ്ടാക്കുന്നുവെന്നാണു സര്‍ക്കാരിന്റെ പത്രികയില്‍ സൂചിപ്പിച്ചിരിക്കുന്നത്. ഇതു ജയലളിതയും വൈകോയും കേരളത്തിനെതിരേ നിരന്തരം ഉയര്‍ത്തുന്ന ആരോപണമാണ്. ഈ ആരോപണങ്ങളെ ന്യായീകരിക്കുന്നതാണു സര്‍ക്കാരിന്റെ പത്രിക. വിവരപത്രികയുടെ മറ്റൊരു ഭാഗത്ത് അണക്കെട്ടു തകര്‍ന്നാല്‍ പെരിയാര്‍ തീരത്തുള്ള 450 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചാല്‍ പ്രശ്‌നം തീരുമെന്നാണു രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിനായി ഉപ്പുതറയിലും മേരികുളത്തും വണ്ടിപ്പെരിയാറിലുമായി എട്ടു സ്‌കൂളുകള്‍ തെരഞ്ഞെടുത്തിട്ടുണ്ടെന്നും പറയുന്നു.
ഇതും തമിഴ്‌നാട് കേരളത്തിനെതിരേ പ്രയോഗിക്കുന്ന വാദമുഖമാണ്. ഡാമിനു താഴെ വള്ളക്കടവ്, വണ്ടിപ്പെരിയാര്‍, ചപ്പാത്ത്, ഉപ്പുതറ പ്രദേശങ്ങളിലായി പതിനായിരക്കണക്കിനു കുടുംബങ്ങളാണു താമസിക്കുന്നത്. അണക്കെട്ടു തകര്‍ന്നാല്‍ മേല്‍പ്പറഞ്ഞ എട്ടു സ്‌കൂളുകള്‍ പോലും ഭൂമുഖത്തുണ്ടാവില്ല. പിന്നെ എങ്ങനെ അബദ്ധജഡിലമായ ഇത്തരം പ്രസ്‌താവനകള്‍ കോടതിയില്‍ പറയാന്‍ സര്‍ക്കാരിനു കഴിഞ്ഞു? ഇതിന്റെ ഉത്തരവാദി ആര്? ഇപ്പോഴും അജ്‌ഞാതം.
അതുപോലെതന്നെ വിവരപത്രികയുടെ മറ്റൊരു ഭാഗത്ത് ഇടുക്കി റിസര്‍വോയറിന്റെ ജലനിരപ്പു താഴ്‌ത്തിക്കൊണ്ടുതന്നെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ ഉണ്ടാകുന്ന ആപത്ത് പരിമിതപ്പെടുത്താമെന്നു പരാമര്‍ശിച്ചിട്ടുണ്ട്. എ.ജി. പറഞ്ഞ വാദമുഖത്തിനു പരോക്ഷ പിന്‍ബലം നല്‍കാനാണു പത്രികയിലെ ഈ പരാമര്‍ശം. പത്രികയില്‍ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും സംസ്‌ഥാന സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ അനുസരിച്ചാണെന്നു സര്‍ക്കാര്‍ പ്ലീഡര്‍ റോഷന്‍ ബി. അലക്‌സാണ്ടറും എ.ജിയും സാക്ഷ്യപ്പെടുത്തുന്നു.
ഇത്തരത്തില്‍ കേരളത്തിന്റെ കേസ് പൂര്‍ണമായും തകര്‍ക്കുന്ന തരത്തില്‍ ഒരു പത്രിക സമര്‍പ്പിക്കാന്‍ സംസ്‌ഥാനസര്‍ക്കാര്‍ നിദേശം നല്‍കിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ ആരാണ്? ഭരണ നടപടിക്രമവും ചട്ടവും അനുസരിച്ച് നിയമവകുപ്പിന്റെയും ഭരണവകുപ്പിന്റെയും അറിവോടും അനുമതിയോടും കൂടിവേണം പത്രിക ഫയല്‍ ചെയ്യാനെന്നു വ്യക്‌തമായ വ്യവസ്‌ഥയുണ്ട്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഭരണവകുപ്പോ നിയമവകുപ്പോ പത്രിക കാണുകപോലും ചെയ്‌തിട്ടില്ല. കേരളത്തിലെ ഏറ്റവും സെന്‍സിറ്റീവായ ഇത്തരം വിഷയത്തില്‍ സുപ്രീംകോടതിയിലെ അഭിഭാഷകരുമായും പത്രികയുടെ കാര്യം ആലോചിച്ചിട്ടില്ല. കേരളവും തമിഴ്‌നാടും തമ്മിലുള്ള ഈ സുപ്രധാന കേസ് സുപ്രീംകോടതിയില്‍ വിചാരണയുടെ അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്ന വിവരപത്രിക സുപ്രീംകോടതിയിലെ കേസിനെ എങ്ങനെ ബാധിക്കുമെന്നു കേവലമായ പരിശോധന നടത്താനുള്ള സാമാന്യമര്യാദ പോലും എ.ജിയും ഗവ പ്ലീഡറും കാണിച്ചിട്ടില്ല എന്നതു ഗുരുതരമായ ഉത്തരവാദിത്തലംഘനവും വീഴ്‌ചയുമാണെന്ന കാര്യത്തില്‍ സംശയമില്ല.
സര്‍ക്കാര്‍ നല്‍കുന്ന രേഖകളും വിവരങ്ങളും നിയമാനുസൃതമാണോ എന്നും കേസിനെ എങ്ങനെ ബാധിക്കുമെന്നും സൂക്ഷ്‌മമായി പരിശോധിക്കുന്നതിനും അവശ്യം വേണ്ടിവരുന്ന തിരുത്തലുകളോടെ കോടതിയില്‍ സമര്‍പ്പിക്കുന്നതിനും സര്‍ക്കാരിനെ ഉപദേശിക്കാനും ഭരണഘടനാപരമായ അധികാരം എ.ജിയില്‍ നിക്ഷിപ്‌തമാണ്. അതു നിര്‍വഹിക്കാതെ കേരളത്തിന്റെ താല്‍പര്യങ്ങളെ സമ്പൂര്‍ണമായും തകര്‍ക്കുന്ന കാര്യവിവരപത്രിക കോടതിയില്‍ സമര്‍പ്പിച്ചതിലൂടെ ഗുരുതരമായ കുറ്റമാണ് എ.ജിയുടെ ഭാഗത്തുനിന്നും സര്‍ക്കാര്‍ പ്ലീഡറുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. ഇത്രയൊക്കെ ആയിട്ടും എ.ജിയെ രക്ഷിച്ചെടുക്കാന്‍ മന്ത്രിസഭയും മുഖ്യനും കാണിക്കുന്ന വ്യഗ്രത ജനമനസുകളില്‍ സംശയത്തിന്റെ കരിനിഴല്‍ വീഴ്‌ത്തുന്നു.
എ.ജിയുടെ അഭിപ്രായം സര്‍ക്കാരിന്റേതല്ലെന്നു തറപ്പിച്ചുപറഞ്ഞ റവന്യൂമന്ത്രിയും ജലവിഭവമന്ത്രിയും നിയമമന്ത്രിയും ഇപ്പോള്‍ പുലര്‍ത്തുന്ന നിസംഗത സംശയത്തിന്റെ ആഴം വര്‍ധിപ്പിക്കുന്നു. കോടതിയില്‍ സമര്‍പ്പിച്ച പത്രികയില്‍ പിഴവുകള്‍ ഉണ്ടെന്നുള്ള ബോധ്യമാണ് അധിക സത്യവാങ്‌മൂലം കൊടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. അതിന്റെ അര്‍ഥം സര്‍ക്കാര്‍ സ്വയം കുറ്റം സമ്മതിക്കുന്നുവെന്നതാണ്.
എങ്കില്‍ കേരളത്തിന്റെ പൊതുതാല്‍പര്യത്തെ ഹനിക്കുന്ന ഗുരുതരമായ കുറ്റം ചെയ്‌തതാര്? അതിനായി അവരെ പ്രേരിപ്പിച്ച സാഹചര്യം വിശദമായി അന്വേഷിക്കേണ്ടതല്ലേ? സുതാര്യഭരണം വാഗ്‌ദാനം ചെയ്‌ത കേരളത്തില്‍ ഇതൊന്നും നടക്കുന്നില്ലെന്നതാണ് ഏറ്റവും വലിയ സത്യം.
-എന്‍.കെ. പ്രേമചന്ദ്രന്‍ (മുന്‍ ജലവിഭവ മന്ത്രി) |
No comments:
Post a Comment